Movies
അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന് സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി തങ്ങളെ സംബന്ധിച്ച് വലിയ ലാഭമായിരുന്നില്ലെന്ന് നിര്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്. ലാഭം ലഭിച്ചില്ലെങ്കിലും ചിത്രം നഷ്ടമായിരുന്നില്ലെന്ന് നിര്മാതാക്കള് പറഞ്ഞു.
'സിനിമയില് ഞങ്ങള് സന്തുഷ്ടരാണ്. അജിത് കുമാറിന്റെ ഏറ്റവും കൂടുതല് കളക്ഷന് നേടിയ ചിത്രമായി അത് മാറി. ഞങ്ങള് വലിയ ലാഭം കിട്ടിയില്ലെങ്കിലും നഷ്ടമൊന്നുമില്ല. തമിഴിലേക്ക് ഞങ്ങള്ക്ക് ശക്തമായ എന്ട്രി ലഭിച്ചു. ഭാവിയില് അജിത്തുമായി വീണ്ടും സഹകരിക്കാന് ഞങ്ങള് പദ്ധതിയിടുന്നുണ്ട്' എന്നായിരുന്നു നിര്മാതാക്കളുടെ പ്രതികരണം.
ഗുഡ് ബാഡ് അഗ്ലിയില് ഇളയരാജയുടെ പാട്ടുകള് ചേര്ത്തതുമായി ബന്ധപ്പെട്ട പകര്പ്പവകാശ തര്ക്കങ്ങളിലും നിര്മാതാക്കള് പ്രതികരിച്ചു.
ഒരു പാട്ടിന് ഏകദേശം 15 മുതല് 20 ലക്ഷംവരെ രൂപ നല്കി സോണി മ്യൂസിക്കില്നിന്നാണ് ഞങ്ങള് പാട്ടുകളുടെ അവകാശം വാങ്ങിയത്. തര്ക്കം ഇളയരാജയും സോണി മ്യൂസിക്കും തമ്മിലാണ്. ഗാനങ്ങള് താത്കാലികമായി മാറ്റിയിട്ടുണ്ട്.
അന്തിമവിധി ഉടന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ കൈയില് നിയമപരമായ എല്ലാ രേഖകളുമുണ്ട്. കൃത്യമായ നടപടിക്രമങ്ങള് പാലിച്ചിട്ടുണ്ട്. കേസ് നിലവിലിരിക്കെ കൂടുതല് പ്രതികരിക്കാന് കഴിയില്ല'. അവര് വ്യക്തമാക്കി.
Kerala
കൊച്ചി: എഡിജിപി എം.ആര്. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു വിജിലന്സ് കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്ജികള് ഹൈക്കോടതി ഒന്നിച്ചു പരിഗണിക്കും.
വിജിലന്സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തു അജിത്കുമാറും ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്ശങ്ങള് നീക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്ക്കാരും നല്കിയ ഹര്ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സര്ക്കാര് സമര്പ്പിച്ച ഹര്ജി തിങ്കളാഴ്ച ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ചില് പരിഗണനയ്ക്കു വന്നെങ്കിലും ഒന്നിച്ചു പരിഗണിക്കാന് മാറ്റുകയായിരുന്നു. അജിത്കുമാറിന്റെ ആവശ്യത്തെ എതിര്ത്ത് മുന് എംഎല്എ പി.വി. അന്വര് കക്ഷിചേരാന് നല്കിയ ഹര്ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Kerala
തിരുവനന്തപുരം: പൂരം കലക്കല് വിവാദത്തില് എഡിജിപി എം.ആര്. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്ട്ട്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പ്രശ്നങ്ങള് ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ഡിജിപി സര്ക്കാരിന് സമര്പ്പിച്ച റിപ്പോര്ട്ടില് വ്യക്തമാക്കിയിട്ടുള്ളത്.
മന്ത്രിയും കമ്മീഷണറും ദേവസ്വവും എല്ലാം മുന്കൂട്ടി വിവരം നല്കിയിരുന്നെങ്കിലും എഡിജിപി വേണ്ടത്ര കരുതല് കാണിച്ചില്ല. പ്രശ്നങ്ങള്ക്കു ശേഷം മന്ത്രി കെ. രാജന് ഫോണില് വിളിച്ചിട്ടും എഡിജിപി പ്രതികരിച്ചില്ലെന്നും ഡിജിപി ഷെയ്ക്ക് ദര്വേഷ് സാഹിബ് നല്കിയ റിപ്പോര്ട്ടിന്റെ ഉള്ളടക്കത്തില് വ്യക്തമാക്കിയിട്ടുണ്ട്.
പൂരത്തിന് ഇടയില് പ്രശ്നങ്ങള് ഉണ്ടായ സമയത്ത് താന് വിളിച്ചിട്ടും എഡിജിപി ഫോണ് എടുത്തില്ല എന്ന് മന്ത്രി കെ. രാജന് വ്യക്തമാക്കിയിരുന്നു. എന്നാല് ഇത് നിഷേധിക്കുന്ന നിലപാടാണ് എം.ആര്. അജിത് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രി വിളിച്ചത് അറിഞ്ഞില്ലെന്നും രാത്രി വൈകിയതിനാല് ഉറങ്ങിയെന്നുമായിരുന്നു അജിത് കുമാര് ഇതു സംബന്ധിച്ച് ഡിജിപിക്ക് നല്കിയ വിശദീകരണം.
പി.വി. അന്വര് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില് എം.ആര്. അജിത് കുമാറിനെതിരേ പ്രഖ്യാപിച്ച ത്രിതല അന്വേഷണം ഇതോടെ അവസാനിച്ചു. പൂരം കലക്കല്, ആര്എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സന്പാദനം എന്നീ മൂന്ന് ആരോപണങ്ങളിലാണ് എഡിജിപിക്കെതിരായി അന്വേഷണം നടന്നത്.
മറ്റ് രണ്ട് ആരോപണങ്ങളിലും അജിത് കുമാറിന് അനുകൂലമായ റിപ്പോര്ട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും പൂരം കലങ്ങിയതില് അജിത് കുമാറിന് വീഴ്ചപറ്റി എന്നായിരുന്നു ഡിജിപിയുടെ പ്രാഥമിക റിപ്പോര്ട്ടില് തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതേ തുടര്ന്ന് സമര്പ്പിച്ച അന്തിമ റിപ്പോര്ട്ടിലും അജിത് കുമാറിന്റെ വീഴ്ചകള് ഡിജിപി അക്കമിട്ട് നിരത്തിയിട്ടുണ്ട്. റിപ്പോര്ട്ടില് സര്ക്കാര് എന്ത് നടപടി സ്വീകരിക്കും എന്നത് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അടക്കം പരിഗണിക്കുന്ന അജിത് കുമാറിന് നിര്ണായകമാണ്.